മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് കള്ളം പറയരുത് ; വി ഡി സതീശൻ
രാഹുൽ ഗാന്ധി മണിപ്പൂരിൽ ശ്രദ്ധിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധി എങ്ങനെയാണ് മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസം പകർന്നതെന്നും എൻഡിഎ യിലെ ഒരു കക്ഷിയെ ഒക്കത്തുവെച്ചുകൊണ്ട് കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു.
'മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പറയാൻ കൊള്ളുമോ ? ഇന്ന് ഒരു കള്ളം കൂടി പറഞ്ഞു. മണിപ്പൂരിൽ രാഹുൽ ഗാന്ധി ശ്രദ്ധിച്ചില്ലാന്ന്. ഏത് ലോകത്താണ് അദ്ദേഹം ജീവിക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ പോലീസിന്റെ അനുമതിയില്ലാതെ പട്ടാളത്തിന്റെ അനുമതിയില്ലാതെ വെടിയൊച്ചകൾ മുഴങ്ങുന്ന മണിപ്പൂരിന്റെ തെരുവുകളിലൂടെ പോയി അവിടുത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്യാമ്പുകളിൽ പോയി ആശ്വസിപ്പിച്ച ആളല്ലേ രാഹുൽ ഗാന്ധി. അതറിഞ്ഞിട്ടില്ലേ ഇദ്ദേഹം. ഇതെന്താ കുഴപ്പം എന്നറിയുമോ ദേശാഭിമാനിയും കൈരളിയും മാത്രമേ കാണൂ. വേറൊന്നും കാണില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പോകാത്ത സ്ഥലത്താണ് രാഹുൽ ഗാന്ധി അവരെ ആശ്വസിപ്പിച്ചത്. സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരികയാണ് ഞങ്ങളെ, എൻഡിഎ യിലെ ഒരു കക്ഷിയെ ഒക്കത്തുവെച്ചുകൊണ്ടാണ് ജെഡിഎസിനെ ഒക്കത്തുവെച്ചുകൊണ്ടാണ് കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരുന്നത്' - വി ഡി സതീശൻ വിമർശിച്ചു.