സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സർക്കാർ ചെലവിൽ പ്രചാരണവുമായി മുഖ്യമന്ത്രി രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവ കേരള സദസ്സ് കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴാണ് വീണ്ടുമൊരു പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നവ കേരള സ്ത്രീ സദസ്സ് എന്ന പേരിലാണ് ഇന്നലെ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സംസ്ഥാന സർക്കാർ ആരംഭിച്ച മുഖാമുഖം പരിപാടിയുടെ ഭാഗമായിരുന്നു നവ കേരള സ്ത്രീ സദസ്സും. നെടുമ്പാശേരിയിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളെ ഉൾപ്പെടുത്തിയാണെന്ന് മേനി പറയുന്ന മുഖാമുഖം പരിപാടി സിപിഎം അനുഭാവം ഉള്ളവരുടെ സംഗമവേദി മാത്രമാണ്. മറ്റു ജില്ലകളിലും സമാന രീതിയിലുള്ള മുഖാമുഖം പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുഖാമുഖം പരിപാടിയിൽ നടത്തുന്നത്. എറണാകുളത്തെ സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന കെ ജെ ഷൈനും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പ്രതിപക്ഷ എംഎൽഎമാരെയും നേതാക്കളെയും ഒഴിവാക്കിയാണ് സർക്കാർ മുഖം മിനുക്കുന്നതിനും രാഷ്ട്രീയ പ്രചാരണത്തിനും വേണ്ടി കോടികൾ മുടക്കി ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോഴാണ് ഇതുപോലെയുള്ള ധൂർത്ത് എന്നത് ഓർക്കണം. നവ കേരള സദസ്സ് പോലെ തന്നെ ആഡംബര രീതിയിലാണ് മുഖാമുഖം പരിപാടിയും നടക്കുന്നത്.