മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന സി പി ഐ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗം
തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും സര്‍ക്കാര്‍ വിരുദ്ധ വികാരവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം. മണ്ഡലത്തിലെ തോല്‍വിക്ക് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും എം.കെ. കണ്ണന് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതും കാരണമായി. പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നേരത്തെ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും സമാന വിമര്‍ശനമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ജനങ്ങളില്‍ എതിര്‍പ്പ് ഉണ്ടാക്കിയെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയവും തിരിച്ചടിയായി. എം.കെ. കണ്ണന് തെരഞ്ഞെടുപ്പ് ചുമതല നല്‍കരുതെന്ന ആവശ്യം സി.പി.എം നിരസിച്ചു. ബി.ജെ.പി വോട്ടുകള്‍ ചേര്‍ത്തത് കണ്ടെത്താനാവാത്തത് വീഴ്ചയായെന്നും യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്തേതു പോലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നില്ലെങ്കിലും പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണ് എക്‌സിക്യുട്ടീവ് വിലയിരുത്തിയത്.