മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ കേസ് അട്ടിമറിക്കുന്നു: പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും തമ്മില്‍ വാക്‌പോരും നടന്നു.പ്രതിപക്ഷ അംഗത്തിന്റെ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ശൂന്യവേളയില്‍ സ്പീക്കര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സമീപകാല സംഭവമല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, സമീപകാല സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് പറഞ്ഞു. കോടതി ഇടപെട്ടതിന് പിന്നാലെ കേസെടുത്തിട്ട് പോലും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഗണ്‍മാന്‍ നിയമസഭയില്‍ എത്തുകയായിരുന്നുവെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയോ കേസുമായി സഹകരിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ വളരെ പ്രാധാന്യമുള്ള വിഷയമാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടിയിലെ പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. ഷാഫി പറമ്പിലിനെ കൂടാതെ എന്‍. ഷംസുദ്ദീന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കെ.കെ. രമ എന്നിവരുടെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു.