‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാന്‍’; പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. നിയമസഭയ്ക്ക് ഉള്ളിലോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡല്‍ഹിയില്‍ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കണം.
ദേശവിരുദ്ധ പ്രര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തിലൂടെ പണം ലഭിച്ചെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കില്‍ അത് പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് അങ്ങനെയെങ്കില്‍ ഇക്കാലമത്രയും ഇക്കാര്യം മറച്ചുവച്ചതെന്തിന് എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. സംഘപരിവാറുമായി മുഖ്യമന്ത്രിക്കും സി പി എമ്മിനുമുള്ള ബന്ധം പ്രതിപക്ഷം തുറന്നുകാണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.