ക്രൈസ്തവ സമൂഹം കൂടുതൽ വിവേചനം അനുഭവിക്കുന്നു: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്ന് മാർ ആൻഡ്രൂസ് താഴത്ത്. സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും ക്രൈസ്തവ സമൂഹം കൂടുതൽ വിവേചനം അനുഭവിക്കുന്നുവെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ എന്താണ് കമ്മീഷൻ റിപ്പോർട്ട് എന്ന് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ.