ചുട്ടുപൊള്ളി ഉത്തരേന്ത്യ; 50 പേർ മരിച്ചു
ഡൽഹി: ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതിനെ തുടർന്ന് മരണം 50 ആയി. കൊടുംചൂടിൽ ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും മരിച്ചു. അതിനിടെ, ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ സർക്കാർ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. വെള്ള ടാങ്കറുകളെ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൊടുംചൂടിൻ്റെ പ്രത്യേക സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഡൽഹി ഫയർ സർവീസും രംഗത്തുണ്ട്. തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡൽഹി ഫയർ സർവീസ് മുന്നറിയിപ്പ് നൽകി. അതെസമയം വെള്ളത്തിൻ്റെ ദുരുപയോഗം തടയാൻ 200 ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
ബീഹാറിലെ ഔറംഗബാദിൽ നിലവിലുള്ള ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി, ജില്ലയിലുടനീളമുള്ള വിവിധ ആശുപത്രികളിൽ 20 ഓളം രോഗികളെ പ്രവേശിപ്പിച്ചു. കൈമൂർ ജില്ലയിൽ ഇലക്ഷൻ ഡ്യൂട്ടിയിലായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ബിഹാറിലെ അറാഹ്, ഭോജ്പൂർ ജില്ലയിൽ മൂന്ന് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. 40 പേരെ ഹീറ്റ് സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.