ഭണ്ഡാരത്തിൽ നിന്നു പണം മാറ്റിയ സിഐടിയു നേതാവിനു സസ്പെൻഷൻ
കണ്ണൂർ: സിഐടിയു നേതാവ്, ദേവസ്വം ബോർഡ് ജീവനക്കാരൻ ക്ഷേത്രം ഭണ്ഡാരത്തിൽ നിന്നു പണം അപഹരിച്ചു സസ്പെൻഷനിലായി. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ മോഹന ചന്ദ്രനെതിരെയാണ് മലബാർ ദേവസ്വം ബോർഡ് നടപടിയെടുത്തത്. ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെയാണ് ഇയാൾ പണം അപഹരിച്ചത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറാണ്. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ.
മയ്യിൽ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയത് കഴിഞ്ഞ മാസം 22നാണ്. ഈ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പണം അപഹരിച്ചെന്നാണ് പരാതി ഉയർന്നത്. മലബാർ ദേവസ്വം ബോർഡ് അന്വേഷിച്ചു. കാസർഗോഡ് അസിസ്റ്റൻറ് കമ്മീഷണർക്കായിരുന്നു ചുമതല. അന്വേഷണത്തിലെ കണ്ടെത്തൽ ഇങ്ങനെ. എണ്ണുന്നതിനിടെ എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ പണം പാൻറിൻറെ കീശയിലേക്ക് ഇട്ടു. പാരമ്പര്യ ട്രാസ്‌റ്റിയും പണം എണ്ണുന്നതിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനും ഇക്കാര്യം ശരിവക്കുന്നു . ചെലവിനുള്ള പണമാണ് എടുത്തത് എന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ മറുപടി നൽകിയത്.