പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍. കശ്മീര്‍ സോണ്‍ പൊലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്.
പുല്‍വാമയിലെ നെഹാമ മേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യം ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മെയ് ഏഴിന് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു . ലഷ്‌കര്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്.