പാർട്ടിക്ക് ബന്ധമില്ലെന്ന് കെ ശൈലജ; ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിൻ ശൈലജയുടെ അടുത്ത അനുയായി, ചിത്രം പുറത്ത്
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്‍ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ അടുത്ത അനുയായി. കൊല്ലപ്പെട്ട ഷെറിനെ അറിയില്ലെന്നും, പാർട്ടിയുമായി ബന്ധമില്ലെന്നും, മറ്റ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ബോംബ് നിർമ്മിച്ചത് എന്നായിരുന്നു ശൈലജയുടെ പ്രതികരണം. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. കെ കെ ശൈലജയ്ക്കൊപ്പമുള്ള ഷെറിന്ന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അക്രമ പ്രവർത്തനത്തിനുവേണ്ടി ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകൻ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് സിപിഎം പ്രവർത്തകർക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.