'അത് മർദ്ദനമല്ല, ജീവന്‍ രക്ഷാപ്രവർത്തനം'; ഡിവൈെഫ്ഐ ഗുണ്ടായിസത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
കണ്ണൂർ: കല്യാശ്ശേരി പഴയങ്ങാടിയിൽ പോലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ഡിവൈഎഫ്ഐ ഗുണ്ടായിസത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസിനു മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നായിരുന്നു ആഭ്യന്തരിമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ന്യായീകരണം. എന്നാൽ സംഭവത്തിൽ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
“ജീവൻ അപകടപ്പെടുത്താൽ ഉള്ള തരത്തിൽ ചാടി വരുമ്പോൾ അവരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. അത് ആക്രമണം അല്ല. ബസിന്റെ മുൻനിരയിലിരുന്ന് ഞാനത് കണ്ടതാണ്. അത് ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമം ആണ്. ഒരു തീവണ്ടിയുടെ മുന്നിലേക്ക് ഒരാൾ വീഴുമ്പോൾ അയാളെ രക്ഷിക്കാൻ എടുത്തെറിയേണ്ടി വന്നേക്കും.അതിൽ പരിക്ക് പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അത് ജീവൻ രക്ഷ മാർഗമാണ്. ആ രീതിയാണ് ഡിവൈഎഫ്ഐക്കാർ ഉപയോഗിച്ചത്. ആ രീതി തുടരുക തന്നെ ചെയ്യും” - മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഹെൽമറ്റ് കൊണ്ടു തല്ലിച്ചതയ്ക്കുന്നതാണോ ജീവൻരക്ഷാ പ്രവർത്തനമെന്ന ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി വേദിയിൽ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.
അതേസമയം ഡിവൈഎഫ്ഐ ഗുണ്ടാക്രമണത്തിൽ 14 ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്‍ത്തി മാരകായുധമായ ഇരുമ്പുവടി, ചെടിച്ചട്ടി, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലക്കടിച്ചു ശ്രമിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് പിന്നിലെന്നും എഫ്‌ഐആറിലുണ്ട്.കണ്ണൂര്‍ സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു എംപി, സതീഷ് പി, അമല്‍ ബാബു, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷഫൂര്‍ അഹമ്മദ്, അര്‍ജുന്‍ കോട്ടൂര്‍, സിബി, ഹരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.