‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി': പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.
ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.