കല്യാശേരി ആക്രമണത്തിൽ മുഖ്യമന്ത്രിയെ സാക്ഷിയാക്കി കേസ് എടുക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: നവകേരള സദസ്സിൽ കല്യാശ്ശേരിയിൽ വെച്ച് നടന്ന ആക്രമണ സംഭവങ്ങളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അപലപിച്ചു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഒരു ചെറുപ്പക്കാരനെയാണ് കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഒരു യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടു. മുഖ്യമന്ത്രി ഇതിന് സാക്ഷിയാണ്. മുഖ്യമന്ത്രിയെ കേസിൽ സാക്ഷിയാക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടുള്ള ധൂർത്താണെന്നാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരാവാഹികളെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ഒരു പ്രകോപനവും കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തിയത്. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചു. ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിലും സ്ഥിരീകരിച്ചു.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാൽ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നു. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.