ഗണേഷിനെയും മുകേഷിനെയും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: പി എസ് അനുതാജ്
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ വിവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന മന്ത്രി ഗണേഷ് കുമാറിനെയും മുകേഷ് എംഎൽഎയും പുറത്താക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. അങ്ങേയറ്റം ഗുരുതരമായ വസ്തുതകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്.
നാലു വർഷക്കാലം ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചതിന്റെ കാരണം മന്ത്രിയുടെയും എംഎൽഎയുടെയും ഇടപെടൽ ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വേട്ടക്കാർ സർക്കാരിന്റെ ഭാഗമായി തന്നെയുള്ളപ്പോൾ ഇരകൾക്ക് നീതി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. സർക്കാർ യാഥാർത്ഥ്യത്തിൽ വേട്ടക്കാർക്കൊപ്പം തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്.
സാംസ്കാരിക മന്ത്രിയുടെ കോൺക്ലേവ് എന്ന ആശയം പോലും വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നതിന്റെ സൂചനയാണ്. മന്ത്രിസ്ഥാനത്തുനിന്ന് ഗണേഷ് കുമാറിനെയും എംഎൽഎ സ്ഥാനത്തു നിന്നും മുകേഷിനെയും പുറത്താക്കുവാനുള്ള ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.