പൊലീസിനെ ആർഎസ്എസിലേക്കുള്ള പാലമായി മുഖ്യമന്ത്രി ഉപയോഗിക്കുന്നു; ചെന്നിത്തല
പാലക്കാട്: കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിനെ ആർഎസ്എസുമായുള്ള പാലമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എഐസിസി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ പൊലീസ് സേനയെ തനിക്കറിയാം ആഭ്യന്തരവകുപ്പിനെ നയിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തെ മികച്ച പൊലീസ് സേനയെ ഈ ഗതിയിൽ ആക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ പൂരം കലക്കിയത്. പൊലീസിന് തൃശ്ശൂർ പൂരം നടത്തിപ്പിൽ എന്താണ് കാര്യമെന്ന് ചെന്നിത്തല ചോദിച്ചു. ആളുകളെ നിയന്ത്രിക്കുക ഗതാഗതവും വെടിക്കെട്ടിന് സുരക്ഷ ക്രമീകരണം ഒരുക്കുക എന്നല്ലാതെ പൂരം നടത്തനുള്ള ചുമതല പൊലീസിന് ആരും നൽകിയിട്ടില്ല. പൂരം കലക്കുന്നതിന് മുഖ്യമന്ത്രി കൂട്ടുനിന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അറിവോടെയാണ് പൊലീസ് പൂരം കലക്കിയത്. പൂരം കലക്കിയ ഉടൻ രക്ഷകന്റെ വേഷത്തിൽ സുരേഷ് ഗോപി സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. അദ്ദേഹമാണ് പൂരം നടത്തിയതെന്ന പ്രതീതി ഉണ്ടാക്കി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിക്കാൻ അവസരം ഒരുക്കികൊടുത്തത് ഈ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
പൂരം കലക്കുന്നതിന് നേതൃത്വം നൽകിയ എഡിജിപി തന്നെ അതിനെപറ്റി അന്വേഷണം നടത്തിയാൽ എന്ത് പ്രയോജനമാണുള്ളത്. ആരോപണ വിധേയനായ എഡിജിപിയുടെ അന്വേഷണം റിപ്പോർട്ട് മടക്കി സ്വതന്ത്ര അന്വേഷണം നടത്തേണ്ട ഡിജിപി അതിന് തയ്യാറായില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത കഴിവുകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണകക്ഷി എംഎൽഎ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദാവൂദ് ഇബ്രാഹിമിനെക്കാൾ വലിയ കൊള്ളക്കാരനാണ് എന്നാണ് ഭരണകക്ഷി എംഎൽഎയുടെ ആരോപണം. സ്വർണ്ണക്കള്ളക്കടത്തിലും തട്ടിക്കൊണ്ടുപോക്കിലും കൊലപാതകങ്ങളിലും ഉൾപ്പെടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന പിവി അൻവറിനെതിരെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തത്. മുഖ്യമന്ത്രിക്ക് അൻവറിനെ ഭയമാണ്. അൻവറിനോട് പ്രതിപക്ഷത്തിന് യാതൊരു പ്രതിബദ്ധതയുമില്ല എന്നാൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. അതിനെപ്പറ്റി മുഖ്യമന്ത്രി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ദാവൂദ് ഇബ്രാഹിമിന്റെ പണിചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറിക്ക് കാര്യക്ഷമത ഉണ്ടെന്നാണ് മുഖമന്ത്രി പറയുന്നത്. എല്ലാ കൊള്ളക്കാരെയും സംരക്ഷിക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് ഒരു അന്വേഷണവും നടക്കാൻ പോകുന്നില്ല. അഥവാ അന്വേഷണം നടന്നാൽ തന്നെ ഒരു കുറ്റവും തെളിയാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പത്രത്തിൽ ലേഖനം എഴുതിയും ഇടയ്ക്കിടയ്ക്ക് അന്വേഷണവും ആവശ്യപ്പെടുന്ന സിപിഐ മുഖ്യമന്ത്രിയെ കാണുമ്പോൾ സിപിഐ കവാത്ത് മറക്കുന്നു. നിലപാടിൽ ഉറച്ചു നിലക്കാത്ത സിപിഐ കേരള രാഷ്ട്രീയത്തിലെ എടുക്കാ ചരക്കായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.