സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വോട്ടുബാങ്ക് കണ്ണുവച്ചുള്ള പ്രീണനം : എംഎം ഹസൻ
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സൻ. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രീണനമാണ് ഈ പ്രസ്താവന. ഒരു സംസ്ഥാനത്തിനും മാറിനിൽക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് എങ്ങനെ പറയാൻ കഴിയും? ഉണ്ടിരുന്ന തമ്പ്രാന് ഉൾവിളി വന്നതു പോലെയാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ലമെന്റിൽ പൗരത്വ നിയമ ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോൾ ആദ്യം എതിര്‍ത്തത് ശശി തരൂരാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിൽ പങ്കെടുത്തത് ആരൊക്കെയെന്ന് രേഖകളിലുണ്ട്. ഐകകണ്‌ഠനയാണ് നിയമസഭയിൽ ഇതിനെതിരെ പ്രമേയം പാസാക്കിയത്. ഇതിനെതിരെ ആദ്യം കേസ് കൊടുത്തത് പികെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ്. സംസ്ഥാന സർക്കാർ കേസ് നൽകിയത് കേന്ദ്ര-സംസ്ഥാന തർക്കം എന്ന നിലയിലാണ്. മറ്റുള്ളവർ കേസ് നൽകിയത് ഭരണഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. കേന്ദ്രസര്‍ക്കാരിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ഇത്തരത്തിൽ ഭരണഘടനാ സംരക്ഷണം മുൻനിര്‍ത്തി കേസ് നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥിന്റെ കൊലപാതകം വന്നപ്പോൾ മിണ്ടാത്ത മുഖ്യമന്ത്രി ഇപ്പോൾ മിണ്ടുന്നത് ഇരട്ടത്താപ്പാണ്. രാഹുൽ ഗാന്ധിയെ തുടര്‍ച്ചയായി കേസുകൾ നൽകി ആര്‍എസ്എസ് വേട്ടയാടുകയാണ്. ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയുടെ കൈയിൽ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയാണോ രാഹുൽ ഗാന്ധിയാണോ ആര്‍എസ്എസിനെ നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള സർവ്വകാശാല കലോൽസവം നടത്തിയത് സിഐടിയുക്കാരാണ്. ഷാജിയുടേത് എസ്എഫ്ഐ കൊലപ്പെടുത്തിയതാണ്. ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ക്യാമ്പസുകളിൽ നടക്കുന്ന ഗുണ്ടായിസം അന്വേഷിപ്പിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.