കുതിച്ചുയർന്ന് കൊക്കോവില: ഒരു വർഷത്തിനിടയിൽ 200 ശതമാനം വർധന
അന്താരാഷ്ട്ര കാർഷികവിപണിയിൽ കൊക്കോകർഷകരാണ് ഇപ്പോൾ താരങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വില ടണ്ണിനു പതിനായിരം ഡോളർ കടന്നിരിക്കുന്നു. ഒരു വർഷം കൊണ്ടുണ്ടായത് 200 ശതമാനം വർധന! ലോകവിപണി ക്കാവശ്യമായ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ഐവറി കോസ്റ്റ്, ഘാന എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. എന്നാൽ ഇവിടെയുണ്ടായ കൃഷി നാശം കയറ്റുമതിയെ തകർത്തതുമൂലമാണ് വില ഉയരുന്നത്.. ഐവറി കോസ്റ്റിൽ അടുത്ത മാസം ഇടക്കാല വിളവെടുപ്പ് ഉണ്ടാകുമെങ്കിലും അതൊന്നും ക്ഷാമത്തിന് പരിഹാരമാകില്ല. ബ്രസീൽ, ഇക്വഡോർ പോലുള്ള രാജ്യങ്ങൾ കൊക്കോ ഉത്പാദനം ക കൂട്ടാൻ ശ്രമിക്കുന്നതിൻ്റെ ഫലവും പെട്ടെന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനാൽ കൊക്കോയുടെ ക്ഷാമം ഒരു വർഷത്തേക്കെങ്കിലും തുടർന്നേക്കുമെന്ന് കരുതപ്പെടുന്നു. ലഭ്യത കുറയുന്നതിനാൽ വില വർധിച്ചു കൊണ്ടിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. വിളവെടുപ്പുകാലമല്ലാത്തതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് വില വർധനയുടെ പ്രയോജനം കാര്യമായി ലഭിച്ചിട്ടില്ല.
കൊക്കോയുടെ ക്ഷാമത്താൽ വിഷമിക്കുന്ന മറ്റൊരു മേഖല ചോക്കലേറ്റ് നിർമ്മാണമാണ്. 500 ഗ്രാം ചോക്കലേറ്റ് ഉണ്ടാക്കാൻ 400 കൊക്കോ കുരു വേണമെന്നാണ് കണക്ക്.ഒരു മരത്തിൽ നിന്ന് ഒരു വർഷത്തിൽ പരമാവധി 2500 കുരുവാണ് കിട്ടുക. ലോകത്ത് ഒരു വർഷം 75 ലക്ഷം ടൺ ചോക്കലേറ്റ് ആവശ്യമുണ്ടത്രേ! അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൊക്കോ ബട്ടറിൻ്റെയും പൗഡറിൻ്റെയുമൊക്കെ സ്റ്റോക്ക് നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ചോക്കലേറ്റ് ഉൽപന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.