വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളേജ് വിദ്യാർത്ഥികൾ
വന്യജീവി ആക്രമണങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളേജ് വിദ്യാർത്ഥികൾ. കോട്ടയം ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികളാണ് എരുമേലി ഫോറസ്റ്റ് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്. തെരുവുനാടകം അടക്കമുള്ള കലാപരിപാടികളിലൂടെയായിരുന്നു കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപകരുടെ പിന്തുണയോടെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. എംഎസ്ഡബ്ല്യു കോഴ്സിലെ 70 വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർത്ഥികൾ ധർണയും പ്രതിഷേധ കലാപരിപാടികളും സംഘടിപ്പിച്ചു.
മനുഷ്യ ജീവൻ ഇല്ലാതാകുമ്പോൾ പകരമായി പണം നൽകിയത് കൊണ്ട് പ്രയോജനമില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയ്യെടുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കലയിലൂടെയും മറ്റും കൂടുതൽ പ്രതിഷേധങ്ങൾ ഉയർത്താനാണ് ഇവരുടെ തീരുമാനം.