വരുന്നൂ 'റിമാൽ' ചുഴലിക്കാറ്റ്; എന്താണീ പേരുകൾക്ക് പിന്നിൽ? ആരാണീ പേര് നൽകുന്നത്?
ഗ്രീഷ്മ സെലിൻ ബെന്നി
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കേരളത്തിലെ മഴയ്ക്ക് നിദാനമായിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യത്തിൽ ഐഎംഡി ഇതുവരെയും വ്യക്തതകളൊന്നും നൽകിയിട്ടില്ല. അഥവാ ചുഴലി രൂപപ്പെട്ടാൽ 'റിമാൽ ' എന്ന പേരാകും നൽകുക. ഈ സീസണിലെ ആദ്യ ചുഴലികാറ്റിന് പേര് നൽകിയിരിക്കുന്നത് ഒമാനാണ്.
എന്താണ് ചുഴലികാറ്റ്?
ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ കൂട്ടമാണ് ചുഴലിക്കാറ്റ്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഒരാഴ്ചയോ അതിലേറെയോ നീണ്ടുപോകുന്നവയാണ്. ഒരേസമയം ഒന്നിലധികം ചുഴലികാറ്റ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
പേരിനു പിന്നിൽ
ചുഴലിക്കാറ്റുകളെ തിരിച്ചറിയുന്നതിനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമുള്ള എളുപ്പവഴി എന്ന നിലയിലും അതിലുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായാണ് ചുഴലികാറ്റുകൾക്ക് പേരുകൾ നൽകുന്നത്. ദിശ കണക്കുകൾ നിരത്തി മുന്നറിയിപ്പുകൾ നൽകിയാൽ ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്കൊഴികെ സാധാരക്കാർക്ക് മനസിലാക്കുവാൻ പ്രയാസമാകുമെന്ന വിലയിരുത്തലിൽ നിന്നാണ് ചുഴലികാറ്റുകൾക്ക് പേരുകൾ നൽകുക എന്ന ആശയത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ തിരിച്ചറിയുന്നതിനും വേണ്ട മുന്നറിയിപ്പുകൾ വേഗത്തിൽ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
ചുഴലിക്കാറ്റിന്റെ നാമകരണ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളും (TCWCs) പ്രാദേശിക പ്രത്യേക കാലാവസ്ഥാ കേന്ദ്രങ്ങളും (RSMCs) ആണ് ചുഴലിക്കാറ്റുകൾക്ക് പേരുനൽകുന്നത്.
ലോകത്ത് 5 TCWC-കളും 6 RSMC-കളുമാണുള്ളത്. ലോകത്തിലെ ആർഎസ്എംസികളിൽ ഒന്നാണ് ഐഎംഡി. കൊടുങ്കാറ്റ് , ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് മുതലായവയിൽ ഉണ്ടാകുന്ന അസാധാരണമായ കാറ്റിൻ്റെ രൂപീകരണം അവർ ട്രാക്ക് ചെയ്യുന്നു.
ഒരു കൂട്ടം രാജ്യങ്ങൾ ചേർന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷനും ഫോർ ഏഷ്യ ആൻഡ് പസഫിക് (ESCAP) രൂപീകരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, മാലിദ്വീപ്, പാകിസ്ഥാൻ, ഒമാൻ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പുകൾ. 2000-ൽ ഈ രാജ്യങ്ങൾ ചുഴലിക്കാറ്റ് പേരുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ അയച്ചുതുടങ്ങി. ഖത്തർ, ഇറാൻ, സൗദി അറേബ്യ, യെമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ പിന്നീട് ചേർന്നു, 13 രാജ്യങ്ങളുടെ ഒരു സംഘം രൂപീകരിച്ചു.
ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര് ജീവിതകാലം മുഴുവൻ അതേപോലെ നിലനിൽക്കും, അതിപ്പോൾ ദുർബലമായാലും ശക്തി പ്രാപിച്ചാലും പേരിനു മാറ്റം സംഭവിക്കുന്നില്ല. ഒരു സൈക്ലോണിക് സിസ്റ്റം വികസിപ്പിക്കുകയും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മുൻകൂട്ടി നിശ്ചയിച്ച പട്ടികയെ അടിസ്ഥാനമാക്കി ആകും അതിനു പേര് നൽകുന്നത്.
ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പട്ടികയില്‍ നിന്ന് പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികാറ്റുകൾക്ക് പേരുകൾ നിർദേശിക്കുന്നത് ഈ രാജ്യങ്ങളാണ്. എളുപ്പത്തിൽ ഉച്ചരിക്കാനും ഓർമ്മിക്കാനും കഴിയുന്നതും കുറ്റമോ വിവാദമോ സൃഷ്ടിക്കാത്തതുമായ പേരുകളുമാണ് ഉപയോഗിക്കേണ്ടത്. ആളുകൾക്ക് തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ വിവിധ ഭാഷകളിൽ നിന്നാണ് അവ തെരഞ്ഞെടുക്കുന്നത്.
ഉദാഹരണം പറഞ്ഞാൽ 'ബിപാർജോയ്, അതിതീവ്രമായ ചുഴലിക്കാറ്റ്, ജൂൺ 6-ന് കിഴക്കൻ-മധ്യ അറബിക്കടലിൽ ഉത്ഭവിച്ച ബിപാർജോയ് ചുഴലിക്കാറ്റ്, മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ എത്തിയിരുന്നു. 'ബിപാർജോയ്'എന്ന പേര് നൽകിയത് ബംഗ്ലാദേശ് ആണ്. ബംഗാളിയിൽ ഈ വാക്കിന്റെ അർഥം ദുരന്തം എന്നാണ്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ഓഖിയുടെ അര്‍ഥം. അതുപോലെ മറ്റൊരു ചുഴലിക്കാറ്റാണ് 'ഗുലാബ്' റോസാപ്പൂവ് എന്നാണ് അർത്ഥം. സുഗന്ധമുള്ള പുഷ്പം എന്നർത്ഥമുള്ള ഉറുദു പദമാണിത്. ഈ പേര് നിർദേശിച്ചത് പാകിസ്ഥാൻ ആണ്.
ചുഴലിക്കാറ്റിന് പേരിടാൻ പിന്തുടരുന്ന നിർദ്ദേശങ്ങൾ
ലളിതവും ഉച്ചരിക്കാൻ എളുപ്പമുള്ളതും വ്യക്തവുമായിരിക്കണം
പേര് വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്
പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദേശിക്കാൻ
ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്
പരമാവധി എട്ട് അക്ഷരങ്ങൾ ഉൾപ്പെടുത്താം
ഒരിക്കൽ ഉപയോഗിച്ച പേര് വീണ്ടും ഉപയോഗിക്കില്ല
കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും ശക്തിയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പേരുകൾക്ക് പിന്നിലെ കൗതുകത്തിനപ്പുറം ചുറ്റുപാടുകളുടെ രക്ഷയിൽ ശ്രദ്ധയുള്ളവരാകാം. കരുതലും ജാഗ്രതയും മുറുകെപ്പിടിക്കാം.