വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി
കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗ്ള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിംഗ്ള്‍ ബെഞ്ചിന് ഇത്തരം നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും മജിസ്‌ട്രേറ്റിന്റെ മാത്രം തീരുമാന പ്രകാരമാകണം കേസെടുക്കേണ്ടതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി കേസ് നല്‍കിയ സാഹചര്യം, മറ്റ് പരാതികള്‍, മുന്‍കാല സംഭവങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വീട്ടമ്മയുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ സിംഗിള്‍ ബെഞ്ച്, പരാതി പരിശോധിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെ അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്ദാസ് ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.