Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഖാവ് പിണറായി; ഞങ്ങളെയൊന്ന് ഭരിക്കൂ

12:30 PM Oct 22, 2024 IST | Online Desk
Advertisement

ബംബർ ലോട്ടറി അടിച്ചത് പോലെ തുടർഭരണത്തിന് അവസരം കിട്ടിയ ഇടതുമുന്നണിയുടെ രണ്ടാമൂഴത്തിലും മുഖ്യമന്ത്രി കസേരയിൽ എത്തിയത് പിണറായി വിജയനായിരുന്നു. എട്ടുവർഷം മുൻപ് ആദ്യമായി മുഖ്യപദം ഏറ്റെടുത്ത ശേഷം സെക്രട്ടറിയേറ്റിൽ നടന്ന ജീവനക്കാരുടെ സ്വീകരണത്തിൽ പിണറായി വിജയൻ പറഞ്ഞ ഒരു വാചകമുണ്ട്. ആ പിണറായി വചനങ്ങൾ മറക്കാത്ത മലയാളി മൗനമായി ഇപ്പോൾ വിലപിക്കുകയാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്നും അതിനാൽ ജീവനക്കാർ ആത്മാർത്ഥതയോടെ പ്രവർത്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. രണ്ടാം പിണറായി സർക്കാർ മൂന്നുവർഷം പിന്നിടുമ്പോൾ കേരളത്തിൽ ഒരു മുഖ്യമന്ത്രിയോ ഭരണകൂടമോ ഭരണമോ ഉണ്ടോ എന്ന ആശങ്കയിലാണ് മലയാളികൾ. സർക്കാരിന് നേതൃത്വം കൊടുക്കുന്നത് സിപിഎം - സിപിഐ എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.

Advertisement

ഈ പാർട്ടികളുടെ നേതാക്കന്മാരും മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം ഓരോ വിവാദങ്ങളിലും കേസുകളിലും കുരങ്ങുന്നതിന്റെ വാർത്തകളാണ് നിത്യേന പുറത്തുവരുന്നത്. മാസപ്പടി കോഴയിലും മുഖ്യമന്ത്രി തന്നെയാണ് പ്രതിസ്ഥാനത്ത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്, ക്രിമിനൽ പ്രവർത്തനം തുടങ്ങിയ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും ഉയർന്നിട്ടുണ്ട്. പോലീസ് മേധാവി തന്നെ സകല കുറ്റകൃത്യങ്ങൾക്കും കുടപിടിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നു. ഭരണകക്ഷിയിലെ ഒരു എംഎൽഎ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വൻ അഴിമതിയുടെ തെളിവുകൾ നിരത്തി. മാധ്യമങ്ങളിൽ നിത്യേന പല ആരോപണങ്ങളും ഉയർന്നുവന്നു. ഒടുവിൽ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നിൽ സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രതിസ്ഥാനത്തായി ജാമ്യ വഴികൾ തേടുകയാണ്.

ഇത്തരത്തിൽ സർക്കാരിനും ഇടതു നേതാക്കൾക്കും പങ്കാളിത്തമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടിരിക്കുമ്പോൾ ഭരണം എന്നത് നിലച്ച യന്ത്രമായി മാറി എന്നതാണ് വാസ്തവം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയാണ്. പൊതുജനത്തിന്റെ ഒരു പരാതിയും പരിഹാരത്തിൽ എത്തുന്നില്ല. നിത്യേന തുടർന്നു പോകേണ്ട അത്യാവശ്യ സർവീസുകൾ പോലും നിലയ്ക്കുന്ന സ്ഥിതിയാണ്. അഴിമതിയും ധൂർത്തും പിടിപ്പുകേടും അലങ്കാരമായി കൊണ്ടുനടക്കുന്ന സർക്കാരിനെ ഓർത്ത് ജനം വിലപിക്കുകയാണ്. പിണറായി സഖാവേ.. മറ്റു ഇടപാടുകൾ മാറ്റിവെച്ച് ഞങ്ങളെ ഒന്ന് ഭരിക്കൂ എന്ന മൗനമായി വിലപിക്കുകയാണ് പൊതുജനം.

Tags :
featuredPolitics
Advertisement
Next Article