മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന് എത്തിയ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് വാഹന പാര്‍ക്കിംഗിനെ ചൊല്ലി രണ്ടുവിഭാഗം യുവാക്കള്‍ തമ്മില്‍ തര്‍ക്കത്തിനൊടുവില്‍ അടിപൊട്ടിയത്. സംഘര്‍ഷം തടയാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ എത്തി. എന്നാല്‍ ഇവരെയും യുവാക്കള്‍ കൈയേറ്റം ചെയ്തു.
സംഘര്‍ഷത്തില്‍ പങ്കുള്ള നാലുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. സംഘര്‍ഷത്തില്‍ എ എസ്.ഐ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഡിവൈ.എസ്.പി അടക്കമുള്ളവരെത്തിയാണ് പ്രശ്നമുണ്ടാക്കിയ യുവാക്കളെ പിടികൂടിയത്.
നൈറ്റ്ലൈഫ് ആരംഭിച്ചശേഷം മാനവീയം വീഥിയില്‍ നിസാര പ്രശ്നങ്ങളുടെ പേരില്‍ അടിപൊട്ടുന്നത് പതിവാണ്. പലപ്പോഴും ലഹരിയുടെ പിടിയിലുള്ള യുവാക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് കടുത്ത പൊലീസ് നിയന്ത്രണത്തോടെ സ്ഥലത്ത് നൈറ്റ്ലൈഫ് അനുവദിച്ചെങ്കിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ആദ്യം മൈക്ക് ഉപയോഗം രാത്രി പത്ത് മണിവരെയും 11 മണിയോടെ എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭയ്ക്കടക്കം പരാതി നല്‍കിയതോടെ മൈക്ക് ഉപയോഗം 11 മണിവരെയും പ്രവേശനം പുലര്‍ച്ചെ അഞ്ച് മണിവരെയുമായി ഇളവുചെയ്തിരുന്നു. ഇതിനിടെയാണ് ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായത്.