പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; വനിതാ പ്രവർത്തകരെ വലിച്ചിഴച്ചു, പോലീസിന്റെ അസഭ്യവർഷവും
പാലക്കാട്: മദ്യനയ അഴിമതിയിൽ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി.
ഇതിനിടെ വനിതാ പ്രവർത്തകർക്ക് നേരെ പുരുഷ പോലീസുകാർ അസഭ്യവർഷം നടത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ വീണ്ടും തിരിഞ്ഞു. അസഭ്യവർഷം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും ഡിവൈഎസ്പിക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
മദ്യനയത്തിന്റെ പേരിൽ എക്സൈസ് മന്ത്രി എംബി രാജേഷിന്റെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ബാർ ഉടമകളോട് നടത്തിയ ഏറ്റവും വലിയ ഗുണ്ടാ പിരിവാണ് മദ്യനയ അഴിമതിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.മദ്യനയത്തിന്റെ പേരിൽ കോടികൾ പിരിച്ച് കുടുംബത്തോടൊപ്പം ഉലകം ചുറ്റുന്ന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഇനി ജില്ലയിൽ കാലുകുത്തണമോ എന്ന് യൂത്ത് കോൺഗ്രസ് തീരുമാനിക്കുമെന്ന് മാർച്ചിന് അധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് മുന്നറിയിപ്പ് നൽകി.