പാലക്കാട് യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം; മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലും പ്രതിഷേധം
പാലക്കാട്: ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാകമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എസ്ബിഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് എസ്പി ഓഫീസിന് സമീപത്ത് വച്ച് ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസ് ഉന്തുംതള്ളും ഉണ്ടായി ഇത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ. കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.എസ്. ജയഘോഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ വിനോദ് ചെറാട് , ജിതേഷ് നാരായണൻ, സി. വിഷ്ണു പ്രതീഷ് മാധവൻ, ജില്ലാ ഭാരവാഹികളായ പിടി അജ്മൽ, ശ്യാം ദേവദാസ്. കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ നേതൃത്വം നൽകി.
മാർച്ചിന് ശേഷം റോഡിൽ കുത്തിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
തുടർന്ന് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയ പ്രവർത്തകർ സ്റ്റേഷനിലും പ്രതിഷേധം ഉയർത്തി. മാർച്ചിന് നേരെ ബലം പ്രയോഗിച്ച രണ്ടു പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്റ്റേഷനിൽ എത്തിയ ഡിവൈഎസ്പി സമരക്കാരുമായി ചർച്ച നടത്തി അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്.