സംഭലിലെ സംഘർഷം: ഉത്തരവാദി, യുപിയിലെ ബിജെപി സർക്കാരെന്ന് ; പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
ഡൽഹി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സർക്കാരെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന സർക്കാരിന്റെ പക്ഷപാതപരമായ സമീപനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശനമുന്നയിച്ചു. അക്രമത്തിലും വെടിവെപ്പിലും മരിച്ചവർക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതാണ് നിരവധി ആളുകളുടെ മരണത്തിന് കാരണമായത്. ഇതിന് ബിജെപി സർക്കാർ നേരിട്ട് ഉത്തരവാദികളാണ്. ബിജെപി ഹിന്ദു- മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു. എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണ'മെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.'സമാധാനവും പരസ്‌പര ഐക്യവും നിലനിർത്തണമന്നാണ് എൻ്റെ അഭ്യർഥന. വർഗീയതയും വിദ്വേഷത്തിലൂടെയുമല്ല, ഐക്യത്തിന്റെയും ഭരണഘടനയുടെയും പാതയിലൂടെയാണ് ഇന്ത്യ മുന്നേറേണ്ടതെ’ന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.