ക്രിസ്ത്യൻ പള്ളിയിൽ സംഘർഷം; തമിഴ്നാട് ബിജെപി അധ്യക്ഷനെതിരെ കേസ്
ചെന്നൈ: ക്രിസ്ത്യൻ പള്ളിയിൽ കയറി സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്ത് പൊലീസ്. സാമുദായിക സ്പര്‍ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കെ. അണ്ണാമലൈക്കെതിരെ കേസെടുത്തിരിക്കുന്നത്
ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന പര്യടനത്തിന്‍റെ ഭാഗമായി ധര്‍മ്മപുരിയിലെത്തിയ കെ. അണ്ണാമലൈ ക്രിസ്ത്യൻ പള്ളിയിൽ കയറി പ്രാര്‍ത്ഥിക്കാൻ ശ്രമിച്ചപ്പോഴാണ് വിശ്വാസികൾ ബിജെപി നേതാക്കന്മാരെ തടഞ്ഞതും പ്രതിഷേധവുമായി രംഗത്തെത്തിയതും. മണിപ്പൂരിൽ പള്ളികൾ തകർക്കുകയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ബിജെപിക്കാർക്ക് പള്ളിയിലെന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എന്നാൽ പള്ളി എല്ലാവരുടേതുമാണെന്ന് പ്രതികരിച്ച കെ.അണ്ണാമലൈ പതിനായിരം ആളുകളെയും കൂട്ടി താൻ ആരാധനാലയത്തിന് മുന്നിൽ കുത്തിയിരുന്നാൽ എന്ത് ചെയ്യുമെന്നും അണ്ണാമലയുടെ വെല്ലുവിളിച്ചു. ഇതിന് പിന്നാലെ സംഭവം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പ്രതിഷേധിച്ച വിശ്വാസികളെ നീക്കിയതിനുശേഷമാണ് അണ്ണാമലൈ പള്ളിക്കുള്ളിൽ കയറിയത്. പിന്നാലെ കാര്‍ത്തിക് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പര്‍ധ ഉണ്ടാക്കാൻ ശ്രമിക്കുക, ആരാധനാലയത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ധര്‍മ്മപുരി പൊലീസ് കെ.അണ്ണാമലൈക്കെതിരെ കേസെടുത്തു.