കോൺഗ്രസ് വിശ്വസിക്കുന്നത് ഗാന്ധിജിയുടെ സീതാരാമനിലാണ്, ബി.ജെ.പി വിശ്വസിക്കുന്നത് ഗോഡ്‌സെയുടെ രാമനിലും; സിദ്ധരാമയ്യ
കോൺഗ്രസ് വിശ്വസിക്കുന്നത് ഗാന്ധിജിയുടെ സീതാരാമനിലാണ്, ബി.ജെ.പി വിശ്വസിക്കുന്നത് ഗോഡ്‌സെയുടെ രാമനിലാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ശ്രീരാമൻ്റെ ശിഷ്യനാണെന്നും ഗ്രാമത്തിൽ രണ്ട് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത കോൺഗ്രസ് സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ജെഡിഎസും നടത്തുന്ന പ്രതിഷേധത്തിനിടെ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ സീതാരാമനിൽ കോൺഗ്രസ്സും ഗോഡ്‌സെയുടെ രാമനിൽ ബിജെപിയും വിശ്വസിക്കുന്നു. അതാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം. അവർക്ക് ഒരിക്കലും രാജ്യസ്‌നേഹമില്ലായിരുന്നു, സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു, സിദ്ധരാമയ്യ പറഞ്ഞു.
നരേന്ദ്രമോദിയുടെ മുന്നില്‍ സംസാരിക്കാൻ ധൈര്യം ഇല്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കാരുടെ തലയ്ക്കുള്ളില്‍ തലച്ചോറില്ല, തല ശൂന്യമാണ്. അവർ രാമായണമോ മഹാഭാരതമോ വായിച്ചിട്ടില്ല, മറ്റുള്ളവർ പറയുന്നത് കേള്‍ക്കുക മാത്രമാണ് ചെയ്യുന്നത്- സിദ്ധരാമയ്യ പറഞ്ഞു.
"ജനങ്ങൾ നിങ്ങളെ (ബിജെപി) നിരീക്ഷിക്കുന്നു, നിങ്ങൾ സംസ്ഥാനത്തോട് (കേന്ദ്രം) ചെയ്ത അനീതിയെ പ്രതിരോധിക്കുന്നു. അവർക്ക് (സംസ്ഥാന ബിജെപി നേതാക്കൾക്ക്) മോദിക്ക് മുന്നിൽ സംസാരിക്കാൻ ധൈര്യമില്ല," സിദ്ധരാമയ്യ പറഞ്ഞു. നിയമസഭാ സാമാജികർ, "മോദി, മോദി" മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്നു. തുടർന്ന് അവർ "ജയ് ശ്രീറാം" മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയപ്പോൾ, "ജയ് ജയ് സീതാ റാം, ജയ് ജയ് സീതാ റാം" എന്ന വിളികളുമായാണ് അദ്ദേഹം മറുപടി പറഞ്ഞത്.