അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തട്ടിപ്പിനും കൈക്കൂലിക്കും യു.എസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. അദാനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കേസ് എന്നും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നുമാണ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചത്.
ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയാണ് യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്.ഇ.സി) കുറ്റപത്രം സമര്‍പ്പിച്ചത്. വിവിധ 'മൊദാനി' അഴിമതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിനായി 2023 ജനുവരി മുതല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവെക്കുന്നു. കോണ്‍ഗ്രസിന്റെ 'ഹം അദാനി കെ ഹേ' (എച്ച്.എ.എച്ച്.കെ) പരമ്പരയില്‍ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല.
അദാനി ഗ്രൂപ്പിന്റെ നിയമ ലംഘനങ്ങളെ കുറിച്ചും നിക്ഷേപം, ഷെല്‍ കമ്പനികള്‍ എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും സെബി അന്വേഷണം നടത്തിയ രീതിയിലും എസ്.ഇ.സിയുടെ നടപടികള്‍ വെളിച്ചം വീശുന്നു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകളില്‍ കുത്തകവത്കരണം വര്‍ധിപ്പിക്കുന്നതിനും പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശനയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനും ഇടയാക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ ജെ.പി.സി രൂപീകരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു. -ജയ്‌റാം രമേശ് വ്യക്തമാക്കി.
യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ ആണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കരാറുകള്‍ സ്വന്തമാക്കാനായി 265 മില്യണ്‍ ഡോളര്‍ അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നും ഇതിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഗൗതം അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസില്‍ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗര്‍ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡുകള്‍ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.