കോണ്‍ഗ്രസിന്റെ പാരമ്പര്യം പലസ്തീന് ഒപ്പം: സാദിഖലി തങ്ങള്‍
കോഴിക്കോട്: പലസ്തീനിന്റെ ശാശ്വത സമാധാനത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പലസ്തീന്റെ യഥാര്‍ത്ഥ പ്രശ്‌നം ഇസ്രയേല്‍ അധിനിവേശമാണ്. 1948 മുതല്‍ അവിടെ നടക്കുന്ന കൂട്ടക്കുരുതി തുടരുന്നു. തുറന്ന ജയിലായ ഗാസയില്‍ വെളളവും വെളിച്ചവും മരുന്നും ഭക്ഷണവുമില്ല. ആംബുലന്‍സുകളും ആശുപത്രികളും തകര്‍ക്കുന്ന മനുഷ്യത്വ രഹിതമായ യുദ്ധകുറ്റമാണ് ഇസ്രയേല്‍ തുടരുന്നത്. കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ മഹാത്മാഗാന്ധി മുതല്‍ സ്വീകരിച്ച നയമാണ് ഇന്ത്യ തുടര്‍ന്നിരുന്നത്. മോദി സര്‍ക്കാര്‍ വന്നതോടെ സ്വീകരിക്കുന്ന നിലപാട് ഗാന്ധിജിയുടെ ഇന്ത്യക്ക് ചേര്‍ന്നതല്ല. പാരമ്പര്യമായി ഇന്ത്യയുടെ നിലപാടിനൊപ്പമാണ് ഇന്ത്യന്‍ മനസാക്ഷി. കോണ്‍ഗ്രസിന്റെ പാരമ്പര്യം പലസ്തീന് ഒപ്പമാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, ലീഗ് ബന്ധം എക്കാലത്തെയും പോലെ സുദൃഢമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.