മണിപ്പുർ മുതൽ മുംബൈ വരെ 'ഭാരത് ന്യായ് യാത്രക്ക്' കോൺഗ്രസ്
ന്യൂഡൽഹി: രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' മണിപ്പുർ മുതൽ മുംബൈ വരെയാണ്. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20 വരെ നീളും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഉദ്ഘാടനം ചെയ്യും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നേതാക്കൾ ഇക്കാര്യം അറിയിച്ചു.
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും യാത്രയാണ് ന്യായ് യാത്രയെന്നും രാഷ്ട്രീയ യാത്ര അല്ലെന്നും നേതാക്കൾ വ്യക്തമാക്കി. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 6,200 കിലോമീറ്റർ ദൂരം പിന്നിടും. ബസിലും കാൽ നടയുമായാണ് ഇത്തവണ യാത്ര. ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടനം ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർവഹിക്കും.
കോൺഗ്രസ് സ്ഥാപക ദിന റാലി നാഗ്‌പൂരിൽ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. വൻ റാലിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജയ്റാം രമേശും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.