മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ രാജി, ചോദ്യങ്ങളുമായി കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ച് ഒഴിഞ്ഞതിന് പിന്നാലെ ചോദ്യങ്ങളുമായി കോൺഗ്രസ്. ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ രാജിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. മോദി സർക്കാരുമായുള്ള ഭിന്നതയാണോ, കമ്മീഷനിലെ പ്രശ്നങ്ങളാണോ രാജിക്ക് പിന്നിലെന്നും അദ്ദേഹം ആരാഞ്ഞു.
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചത്. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. രാജിയുടെ കാരണം വ്യക്തമല്ല. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.
2022 നവംബർ 21-നാണ് അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായിനിയമിച്ചത്. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഐഎസ് ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവെച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു