എം എല്‍ എയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ്
മാവേലിക്കര: മാവേലിക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മതില്‍ പൊളിച്ച വിഷയത്തില്‍ എം എല്‍ എ, എം എസ് അരുണ്‍കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കണമെന്ന് മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം. പൊലീസ് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.നവകേരള സദസ്സിന് വേണ്ടിയാണ് മതില്‍ പൊളിച്ചത്.
മൈതാനത്തെ മതിലിനു സമീപത്തെ മരവും മരക്കൊമ്പുകളും മുറിച്ചു മാറ്റി. നവകേരള സദസ്സിനു വേദിയാകുന്ന സ്‌കൂള്‍ മൈതാനത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മാറ്റണമെന്ന നഗരസഭ ക്ലീന്‍ സിറ്റി മാനേജരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ ട്രീ കമ്മിറ്റി വിളിച്ചു ചേര്‍ത്തു തീരുമാനമെടുത്തു വനം വകുപ്പിനെ അറിയിച്ചു വേണം മരം മുറിക്കാന്‍ നടപടി സ്വീകരിക്കാന്‍ എന്നതാണു ചട്ടം. സ്‌കൂള്‍ വളപ്പിലെ മരമോ കൊമ്പോ വെട്ടി മാറ്റുന്നതിന് അപേക്ഷ നല്‍കിയതായി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നു നഗരസഭാ അധ്യക്ഷന്‍ കെ.വി.ശ്രീകുമാര്‍ പറഞ്ഞു.
നവകേരള സദസ്സിന് ഒരുക്കുന്ന വേദിക്ക് സമീപത്തേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം എത്താന്‍ സ്‌കൂള്‍ മതില്‍ പൊളിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.അരുണ്‍കുമാര്‍ എംഎല്‍എ നല്‍കിയ കത്ത് നഗരസഭാ കൗണ്‍സില്‍ യോഗം തള്ളിയതോടെയാണു വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഏഴാം ദിവസം മാവേലിക്കര ഗവ.ബോയ്‌സ് എച്ച്എസ്എസിന്റെ തെക്കുവശത്തെ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഇതിനു പിന്നാലെ മതില്‍ പൊളിച്ചു നീക്കി പുനര്‍നിര്‍മിക്കുന്നതിനു നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി കലക്ടര്‍ ഉത്തരവായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതില്‍ പൊളിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കുകയും ചെയ്തു. മതില്‍ പൊളിച്ചു പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ടില്ലെന്നു കൗണ്‍സില്‍ തീരുമാന പ്രകാരം കളക്ടറെ നഗരസഭ അറിയിച്ചിട്ടുണ്ട്.