ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രതിബദ്ധത; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരില്‍ അധികാരത്തില്‍ വരുന്നത് സന്തോഷമാണെന്നും ഖാര്‍ഗെ പറഞ്ഞു. ഉമര്‍ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
''ഉമര്‍ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണ്, അത് ഞങ്ങള്‍ ഉറപ്പാക്കും'' ഖാര്‍ഗെ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇന്‍ഡ്യ സഖ്യകക്ഷി നേതാക്കള്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ആദ്യ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍.സി) വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സക്സേന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍.സി നേതാവ് സുരീന്ദര്‍ കുമാര്‍ ചൗധരി ഉപമുഖ്യമന്ത്രിയായി. മെന്ധറില്‍ നിന്നുള്ള എം.എല്‍.എ ജാവേദ് അഹമ്മദ് റാണ, റാഫിയാബാദില്‍ നിന്നുള്ള ജാവിദ് അഹമ്മദ് ദര്‍, ഡി.എച്ച് പോരയില്‍ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി. സ്വതന്ത്ര എം.എല്‍.എ സതീഷ് ശര്‍മക്കും മന്ത്രിസഭയില്‍ ഇടം നല്‍കി.