ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതിന് കാരണം ഭരണഘടന: എം എം ഹസ്സൻ
തിരുവനന്തപുരം: ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതിനു കാരണം നമ്മുടെ ഭരണഘടനയാണെന്നു യുഡിഎഫ് കണ്‍വീണര്‍ എം.എം. ഹസന്‍. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയെ അടുത്തറിയുക എന്നാല്‍ ഇന്ത്യയെ അടുത്തറിയുക എന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് അതിന്റെ ആമുഖം. ഇതെഴുതിയത് നമ്മുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാന്‍ നെഹ്‌റുവാണ്. 1976ല്‍ ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും ചേര്‍ത്തു. നിയമങ്ങളുടെ നിയമമാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ ചരമഗീതം എഴുതുന്നതിനാണ് ശ്രമിക്കുന്നത്. മനുസ്മൃതി ഭരണഘടനയാക്കണമെന്നും കാവിക്കൊടി ദേശീയ പതാകയാക്കണമെന്നുമാണ് സംഘപരിവാര്‍ പറയുന്നത്. അതിന്റെ പ്രതിനിധികളാണ് ഇന്നു രാജ്യം ഭരിക്കുന്നത്. രാജ്യം ഭരണഘടനാ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. മതനിരപേക്ഷത ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാനുള്ള ആര്‍എസ്എസിന്റെ ശ്രമം സുപ്രീം കോടതി വിധിയോടെ തകര്‍ന്നുവെന്നും ഹസന്‍ പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിനെ നിലനിര്‍ത്തുന്നത് ഭരണഘടനയാണെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു. ഭരണഘടന എഴുതിയത് ബ്രിട്ടീഷുകാരാണെന്നു പറയുന്ന മന്ത്രി സജി ചെറിയാന്‍ ഭരണഘടനയുടെ ചരിത്രവും അന്തസത്തെയും മനസിലാക്കാന്‍ ശ്രമിക്കണം. സ്വതന്ത്ര്യം കിട്ടി 10 വര്‍ഷം ഭരണഘടനയെ അംഗീകരിക്കാത്തവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഭരണഘടനയെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ബിജെപിയും അപമാനിച്ചത് മന്ത്രി സജി ചെറിയാനുമാണെന്നും ലിജു പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി ഭരണഘടനയുടെ ആമുഖം വായിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.എസ്. ശിവകുമാര്‍, ജി. സുബോധന്‍, ജി.എസ്. ബാബു, മരിയാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചന്‍ , എം.ആര്‍. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.