കുഴൽപ്പണക്കേസ് തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മൂന്ന് വർഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശൻ ചോദിച്ചു.
കൊടകരയിലെ പോലീസ് റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയൻ ഉന്നയിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയൻ ബിജെപി നേതാക്കൾക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസിൽ മുന്നോട്ടു പോകുന്നതെന്നും സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ കേസിൽ ആംബുലൻസ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവൻ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുൻപിൽ പോലീസിൻ്റെ പൈലറ്റും പുറകിൽ പോലീസിന്റെ എസ്കോർട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സർക്കാർ കബളിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ബിജെപിയിൽ ഇത് വലിയ പ്രശമായിരിക്കു കയാണ്. ബിജെപിയിൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അതിനു പിണറായുടെ പിന്തുണയുണ്ടെന്നാണ് ശോഭയുടെ ആരോപണം. പാലക്കാട്ട് സിപിഎം സ്ഥാനാർഥിയെ കെട്ടിയിറക്കിയതിനെതിരെ ഒരു കൂട്ടം നേതാക്കൾ വെല്ലുവിളിച്ചിരിക്കു കയാണെന്നും കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.