വിവാദ പരാമർശം; മോദിക്കെതിരെ പരാതിയുമായി കോൺഗ്രസ്
കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് മുസ്ലീംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും നടപടി വേണമെന്നുമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. വിഷം നിറഞ്ഞ ഭാഷയാണ് മോദി പ്രയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ‘‘അവർ നിങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്കു നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണു പറയുന്നത്. അമ്മമാരേ, സഹോദരിമാരേ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കണമെന്നാണോ?’’– മോദി ചോദിച്ചു.
രാജസ്ഥാനിൽ മോദി നടത്തിയത് വിദ്വേഷപ്രസംഗമാണ്, ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ വിവാദ പരാമർശങ്ങൾ നിരത്തി ജനശ്രദ്ധ തിരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതേസമയം ബിജെപിയും മോദിയും നിരാശരാണെന്നും മോദിയുടെ കള്ളങ്ങളുടെ നിലവാരം കുറഞ്ഞുവരുന്നെന്നും കോൺഗ്രസ്സിന് ലഭിക്കുന്ന പിന്തുണയിൽ മോദി അസ്വസ്ഥനാണെന്നും രാജ്യത്തിനും കുടുംബങ്ങൾക്കും അവരുടെ ഭാവിയ്ക്കും വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും അത് പാഴായി പോകില്ലെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.