സിപിഐയിൽ കലഹം തുടരുന്നു: ജില്ലാ സെക്രട്ടറിക്കെതിരെ മുൻ എംഎൽഎ രംഗത്ത്
കൊച്ചി: എറണാകുളം ജില്ലയിലെ സിപിഐയിൽ വിഭാഗീയത കൂടുതൽ ശക്തമാകുന്നു. നിലവിലെ ജില്ലാ സെക്രട്ടറിക്കെതിരെ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി രാജു വിമർശനങ്ങളുമായി രംഗത്തെത്തി. ജില്ലാ സെക്രട്ടറി കെ എം ദിനകരന് തന്നോട് തീർത്താൽ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാൽ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും രാജു തുറന്നടിച്ചു. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്. കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തതെന്നും രാജു ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിൽ രാജുവിനെതിരെ ബുധനാഴ്ചയാണ് നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചത്. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജുവിനെ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് രാജു ദിനകരനെതിരെ തുറന്നടിച്ചത്. തനിക്ക് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്നും രാജു പ്രതികരിച്ചു. അതേസമയം, വിഭാഗീയതയിൽ പരസ്യ പ്രതികരണം നടത്തേണ്ടയെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്.