കേന്ദ്ര ധനകാര്യകമ്മീഷൻ ധനവിനിയോഗ നിലപാട് വ്യക്തമാക്കി ഗ്രാന്റിന് ശിപാർശ ചെയ്യണം - ചവറ ജയകുമാർ
തിരുവനനന്തപുരം:ആനുകൂല്യ നിഷേധത്തിനെതിരെ കേന്ദ്ര ധനകാര്യകമ്മീഷൻ ധനവിനിയോഗ നിലപാട് വ്യക്തമാക്കി വേണം ഗ്രാന്റിന് ശിപാർശ നൽകേണ്ടതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
അധ്യാപക ഭവനിൽ നടന്ന സെറ്റോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം സന്ദർശിച്ച കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാനായ ഡോ: അരവിന്ദ് പനഗാരിയ കേരള സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ടര വർഷമായി നിഷേധിക്കുന്നതിനെതിരെ പ്രത്യേകം ശിപാർശകൾ വ്യവസ്ഥ ചെയ്ത് വേണം വിവിധ ഗ്രാന്റുകൾ അനുവദിക്കേണ്ടത്.
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും ക്ഷാമബത്തയും നൽകാതെ പണം വകമാറ്റി ചെലവഴിക്കുകയാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും ക്ഷാമബത്ത കുടിശ്ശിക വന്നിട്ടില്ല. ശമ്പളം പിടിച്ചെടുത്തിട്ടില്ല.
ശമ്പളവും സാമൂഹ്യ സുരക്ഷാ പെൻഷനും നിഷേധിച്ചും സമസ്ത വിഭാഗം ജനങ്ങളേയും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഗവൺമെന്റ് വലിയ ധൂർത്താണ് നടത്തുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകുമ്പോൾ ഇത് ആനുകൂല്യങ്ങൾ നൽകുന്നതിനായി ഉറപ്പു വരുത്താൻ കമ്മീഷൻ കേന്ദ്ര സർക്കാരിന് ശിപാർശ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാരിനെതിരെയുള്ള നിരന്തര പോരാട്ടങ്ങളുടെ തുടർച്ചയാണ് ജനുവരി 22-ലെ പണിമുടക്ക്.
ക്ഷാമബത്ത കുടിശ്ശിക ഏഴാമത്തെ ഗഡുവിലേക്ക് ഉയർന്നിട്ടും സമയബന്ധിതമായി അത് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല.
നിലവിൽ 12 മാസം ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒൻപതു മാസത്തെ ശമ്പളം കിട്ടുന്ന അവസ്ഥയാണ്.
അഞ്ചുവർഷത്തിന് മുമ്പ് കിട്ടേണ്ടിയിരുന്ന പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ അരിയർത്തുക ഇതേവരെയും ലഭിച്ചിട്ടില്ല.
അഞ്ചുവർഷ തത്വം നിലനിർത്തി 2024 ജൂലൈ മാസത്തിൽ പന്ത്രണ്ടാം ശമ്പളപരിഷ്കരണം നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ ഇതിനായി ഒരു കമ്മീഷനെ വയ്ക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
ഓരോ ദിവസവും ഓരോ ആനുകൂല്യങ്ങൾ കവർന്നെടുക്കുക എന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നത്.
അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞുവെച്ചിരിക്കുകയാണ്. ലീവ് സറണ്ടർ ആനുകൂല്യത്തെക്കുറിച്ച് സർക്കാർ നിശ്ശബ്ദത തുടരുകയാണ്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ ജീവനക്കാരോട് ചിറ്റമ്മ നയം കാട്ടുന്നത് അവസാനിപ്പിക്കണം. പങ്കാളിത്ത പെൻഷനിലെ ജീവനക്കാർ നിക്ഷേപിച്ച 5721 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും വായ്പയായി കൈപ്പറ്റിയ ഭരണകൂടം ജീവനക്കാരോട് മാപ്പ് പറയാൻ തയ്യാറാകാണം.
മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടത്താനും സർക്കാരിന് കഴിയുന്നില്ല. മികച്ച ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പിക്കാനോ സർക്കാർ വിഹിതം കൂടി നൽകി പദ്ധതിയെ ആകർഷകമാക്കാനോ സർക്കാരിന് താല്പര്യമില്ല.
സർക്കാരിന് ദിശാസൂചകമായി നിലകൊള്ളേണ്ട ഭരണപക്ഷ സംഘടനകൾ അടിമത്വത്തിന്റെ അന്ധകാരത്തിൽ മുങ്ങിക്കിടക്കുകയാണ്. ജീവനക്കാരോടുള്ള പ്രതിബദ്ധത കൈമോശം വന്നുപോയ ഇത്തരം സംഘടനകൾ സിവിൽ സർവീസിന്റെ ശാപമാണ്.
സിവിൽ സർവീസിനെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ശ്രമമാണ് അണിയറയിൽ ഒരുങ്ങുന്ന ജീവാനന്ദം പോലുള്ള പദ്ധതികൾ.
ഇതിനെ ചെറുത്തുതോൽപ്പിക്കാൻ ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടത് അനിവാര്യമായിരിക്കുന്നു.
രാഷ്ട്രീയ വിധേയത്വത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചിതരായി അവകാശ സമരത്തിനായി പണിമുടക്കാൻ എല്ലാ വിഭാഗം ജീവനക്കാരും തയ്യാറാകണം. ഇത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്.
പോരാടി നേടിയ ആനുകൂല്യങ്ങൾ അടിയറ വയ്ക്കാൻ ആകില്ല. അതിനാൽ ജനുവരി 22 പണിമുടക്കം വിജയിപ്പിക്കുവാൻ എല്ലാ ജീവനക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.റ്റി.ഒ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വട്ടപ്പാറ അനിൽ, കെ. അരുൺ കുമാർ, സുഭാഷ് ചന്ദ്രൻ, ഗ്ലാഡ്സ്റ്റൺ രാജ്,പ്രദീപ്കുമാർ, അരുൺ എസ്, ആത്മ കുമാർ, ആർ.എസ് പ്രശാന്ത് കുമാർ, നിസ്സാമുദ്ദീൻ, വി.എസ്.രാകേഷ്, ഷമീം, ജോർജ്ജ് ആന്റണി, ഗിരീഷ്, ആർ സലിംരാജ്, പ്രിൻസ് എന്നിവർ സംസാരിച്ചു.