വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്; ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല
കിടിലൻ അപ്ഡേറ്റുമായി വാട്സാപ്പ്. മെസേജ് ഡ്രാഫ്റ്റ്സ് എന്ന പുതിയ രീതിയാണ് ഇപ്പോൾ വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് ഈ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ലക്ഷ്യംവെയ്ക്കുന്നത്.
പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും. മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.