സഹകരണബാങ്ക് ക്രമക്കേട്; ഹരിപ്പാട് സിപിഎമ്മിലെ 36 അംഗങ്ങൾ രാജിവച്ചു
ആലപ്പുഴ: കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിക്കത്ത് നൽകി. ഏരിയ കമ്മിറ്റി അംഗമായ ബിജു ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല. മാത്രമല്ല, ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയും നടന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയത്. ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ആണ് കുമാരപുരം സഹകരണ ബാങ്ക് പ്രസിഡന്റ്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം മുതൽ തുടങ്ങാനിരിക്കെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.