നരകയാതന അനുഭവിച്ച് പൊലീസുകാർ; മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില കൽപ്പിച്ച് പൊലീസുകാർക്ക് അധിക ഡ്യൂട്ടി നൽകി മേലുദ്യോഗസ്ഥർ. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് രണ്ട് ദിവസവും ഒരു ദിവസവും അടുപ്പിച്ച് വിശ്രമമില്ലാത്ത ഡ്യൂട്ടി ചെയ്യേണ്ടിവന്നത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ അജിത് രാജ് എന്ന ഉദ്യോഗസ്ഥന് തുടർച്ചയായി 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടിവന്നത്. വിജയകുമാർ എന്ന സീനിയർ ഉദ്യോഗസ്ഥന് ജോലി ചെയ്യേണ്ടിവന്നത് തുടർച്ചയായി 24 മണിക്കൂറും. അടിയന്തിരമായ ഒരു സാഹചര്യവും നിലവിലില്ലാതിരുന്ന സമയത്താണ് ഇത്തരത്തിലുള്ള ക്രൂരത നടന്നത്.
മറ്റൊരു പൊലീസുകാർക്കും ഇത്തരത്തിൽ തുടർച്ചയായ ഡ്യൂട്ടി സമയം നൽകിയിട്ടില്ല. ഈ രണ്ട് പൊലീസുകാർക്ക് മാത്രമായി വിശ്രമമില്ലാതെ ഡ്യൂട്ടി സമയം നൽകിയതിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ അപ്രിയമാണ് കാരണമെന്ന് ആരോപണമുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ വിളിച്ച എസ് എച്ച് ഒമാരുടെ യോഗത്തിൽ വിഴിഞ്ഞം എസ് എച്ച് ഒ പങ്കെടുത്തിരുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് സ്റ്റേഷനിലെ പൊലീസുകാർക്കുള്ള ഈ ഡ്യൂട്ടി സമയം എന്നാണ് ആരോപണം.
പൊലീസിൽ ജോലിഭാരം വർദ്ധിക്കുന്നത് ശരിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ പ്രാധാന്യമുള്ള ജോലികൾ നിർവഹിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ജോലി സമ്മർദ്ദം പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നും സാങ്കേതികവിദ്യകൾ വർദ്ധിപ്പിച്ച് ജോലിഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പിനെല്ലാം പുല്ലുവില കൽപ്പിച്ചാണ് അടുപ്പിച്ചുളള ഡ്യൂട്ടി നൽകിയത്.