പാര്‍ട്ടിക്കുള്ളില്‍ തിരുത്തലുകള്‍ അനിവാര്യം: വിമര്‍ശനവുമായി പി ജയരാജന്‍
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. തോല്‍വി പാഠമാകണമെന്നും പോരായ്മകള്‍ പരിശോധിച്ച് മുന്നോട്ടു പോകണമെന്നുമാണ് പി ജയരാജന്റെ ഒളിയമ്പ്. പാര്‍ട്ടിക്കകത്ത് തിരുത്തല്‍ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയിലെ പാഠം ഉള്‍ക്കൊണ്ട് ജനങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പി ജയരാജന്‍ പറയുന്നു.
പരാജയപ്പെട്ടാലും വിജയിച്ചാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക. ആ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. ഭരണരംഗത്തെ പോരായ്മകളും പാര്‍ട്ടിക്കകത്ത് ആവശ്യമായ തിരുത്തലുകളും വേണമെന്ന ധ്വനിയാണ് പി ജയരാജന്റെ പ്രതികരണത്തിലുള്ളത്.
ഭരണവിരുദ്ധ വികാരം എന്ന ചോദ്യത്തോട് മുഖം തിരിച്ച മുഖ്യമന്ത്രിയുടെ മറുപടി നല്‍കുമ്പോഴും തിരുത്തലുകള്‍ അനിവാര്യമാണെന്ന പി ജയരാജന്റെ പ്രതികരണം പരോക്ഷമായ രാഷ്ട്രീയ വിമര്‍ശനമാണ്.