For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന: സതീശൻ

02:55 PM Jan 29, 2024 IST | ലേഖകന്‍
അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന  സതീശൻ
Advertisement

തിരുവനന്തപുരം: പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണനയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അടിയന്തിര പ്രമേയ നോട്ടീസിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisement

സംസ്ഥാനത്ത് അൻപത് ലക്ഷത്തോളം പേർക്ക് അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നില്ലെന്ന വിഷയത്തിലാണ് പി.സി വിഷ്ണുനാഥ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പെൻഷൻ ലഭിക്കാതെ ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയിൽ എഴുതിവച്ചിട്ടിട്ടും ആത്മഹത്യയ്ക്ക് കാരണം സർക്കാർ അല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രി പറയുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് ഒരു വർഷം 28000 രൂപ കിട്ടിയതിനാൽ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്ന് പറയുന്നതിൽ എന്ത് വസ്തുതയാണുള്ളത്. ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയെ കുറിച്ചാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെ കുറിച്ച് ധനകാര്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

അഞ്ച് മാസമായി പെൻഷൻ നൽകാത്തവരാണ് പഴയ കണക്ക് പറയുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ ബാധ്യത തീർക്കാൻ 806 കോടി രൂപ വേണ്ടി വന്നെന്നാണ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ധവളപത്രത്തിൽ പറഞ്ഞത്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെൻഷൻ 400 രൂപയായിരുന്നെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ പറഞ്ഞതും തെറ്റാണ്. 1-4-2010- ൽ 300 രൂപയായിരുന്നു പെൻഷനെന്ന് ബാലഗോപാൽ തന്നെ നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. 2011- ൽ വി.എസ് സർക്കാരിന്റെ അവസാന ബജറ്റിൽ പെൻഷൻ 400 രൂപയായി ഉയർത്തി. പക്ഷെ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാരാണ് ആ പണം നൽകിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ തുക 2013 ൽ 500 രൂപയും 2014-ൽ 600 രൂപയായും വർധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവർക്ക് 1100 രൂപയും 1200 രൂപയുമാക്കി. അച്യുതാനന്ദൻ സർക്കാർ 16 ലക്ഷം പേർക്ക് പെൻഷൻ നൽകിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ 35 ലക്ഷം പേർക്കാൻ പെൻഷൻ നൽകിയത്. ക്ഷേമനിധി പെൻഷനുകൾ കൂടി കൂട്ടിയാൽ അത് 44 ലക്ഷമാകും.

ഉമ്മൻ ചാണ്ടി സർക്കാർ 18 മാസം പെൻഷൻ മുടങ്ങിയെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള മൂന്ന് മാസത്തെ പെൻഷൻ കുടിശികയുണ്ടായിരുന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ പറയുന്നത്.
ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ പാടില്ലെന്ന് നിങ്ങൾ ഉത്തരവിറക്കി. അംശാദായം അടച്ചാണ് ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. സമൂഹിക സുരക്ഷാ പെൻഷൻ വേറെയല്ലെ? ഇളവുകൾ വരുത്തി ഞങ്ങൾ പരമാവധി പേരെ ഉൾപ്പെടുത്തിയപ്പോൾ നിങ്ങൾ ഒഴിവാക്കി. അന്ന് 600 രൂപയാണ് നൽകിയതെങ്കിൽ ഇപ്പോൾ 1600 രൂപയല്ലേ നൽകുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് ശരിയാണ്. അന്ന് അരി വില 28 രൂപയായിരുന്നത് ഇന്ന് 60 രൂപയായി. ഏഴര വർഷത്തിന് മുൻപുള്ള വിലയാണോ ഇന്ന് മരുന്നിനുള്ളത്. 200 മുതൽ 300 ശതമാനം വരെയാണ് വില വർധനവുണ്ടായത്. അങ്ങനെയെങ്കിൽ ഇ.എം.എസിന്റെ കാലം മുതൽക്കുള്ള കണക്ക് നോക്കാം. അന്നത്തെ കണക്കും ഇന്നത്തെ കണക്കും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. അങ്ങനെയെങ്കിൽ എന്തിനാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ വയ്ക്കുന്നത്. ഇ.എം.എസിന്റെ കാലത്ത് നൽകിയ ശമ്പളം നൽകിയാൽ പോരെ? ജീവിതച്ചെലവ് വർധിക്കുമ്പോൾ കാലാകാലങ്ങളിൽ പെൻഷനും ശമ്പളവും വർധിപ്പിക്കും. നിങ്ങളുടെ കാലത്ത് ഇത്രയെ നൽകിയുള്ളൂ, ഞങ്ങൾ കൂടുതൽ നൽകി എന്ന് പറയുന്നത് ശരിയല്ലെന്നും സതീശൻ.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.