വോട്ടെണ്ണല്‍ ആരംഭിച്ചു : ആദ്യം തപാല്‍ വോട്ടുകള്‍
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫലസൂചന ഒമ്പത് മണിയോടെ ലഭിക്കും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകള്‍ കൂടി എണ്ണിത്തീര്‍ന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.
കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടുയന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിച്ചത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. അടുത്തതായി വോട്ടുയന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ട്. ഒരോ ഹാളിലും പരമാവധി 14 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരുമുണ്ട്.