വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു, ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്റുമാരും അകത്ത്
ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോഗസ്ഥരും അംഗീകൃത കൗണ്ടിംഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോംഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. കോൺഗ്രസ്, ബിജെപി, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.
കോൺഗ്രസ് 40-50 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഛത്തീസ്ഗഡിൽ കോൺഗ്രസ് 40-50 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ അധികാരത്തിൽ വരുമെന്നാണ് ന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് 31 ശതമാനം വോട്ടർമാർ കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്