സുരക്ഷാ വീഴ്ചയിൽ നടുങ്ങി രാജ്യം,
അക്രമികളെത്തിയത് എംപി പാസിൽ
ന്യൂഡൽഹി: പാർലമെന്റിന്റെ സുരക്ഷാ വീഴ്ചയിൽ നടുങ്ങി രാജ്യം. പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷികമായ ഇന്ന് പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയിൽ സംഭവിച്ചത് വൻ വീഴ്ചയാണ്. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെൻ്റൻ്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെൻ്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. യുവാക്കൾ നിരത്തിയിട്ട മേശപ്പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി മാറുകയായിരുന്നു. ഇതിനിടെ യുവാക്കളെ എംപിമാർ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഈ യുവാക്കൾ പാർലമെൻ്റ് ഹൗസിനുള്ളിൽ മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിട്ടതോടെ ഏവരും പരിഭ്രാന്തിയിലായി. സുരക്ഷാ വലയം ലംഘിച്ച രണ്ട് യുവാക്കളിൽ ഒരാളുടെ പേര് സാഗർ എന്നാണെന്നാണ് വിവരം. എംപിയുടെ പേരിലുള്ള ലോക്‌സഭാ സന്ദർശക പാസുകളുമായാണു രണ്ടു യുവാക്കളും പാർലമെൻ്റിൽ എത്തിയതെന്നുള്ളതാണ് ആശങ്ക പരത്തുന്നത്.
ലോക്‌സഭയുടെ സുരക്ഷയിൽ ഇത് വലിയ വീഴ്ചയാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. 20 വയസ് പ്രായമുള്ള രണ്ട് യുവാക്കൾ പ്രേക്ഷകരുടെ ഗാലറിയിൽ നിന്ന് പെട്ടെന്ന് ഹൗസിലേക്ക് കടന്നെത്തിയെന്നും അവരുടെ കൈയിൽ ഒരു ക്യാനിസ്റ്ററുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാനിസ്റ്ററിൽ നിന്ന് മഞ്ഞ പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും കാർത്തി ചിദംബരം വ്യക്തമാക്കി. അവർ ചില മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും പ്രത്യേകിച്ചും 2001ൽ പാർലമെൻ്റ് ആക്രമിക്കപ്പെട്ട അതേ ദിവസത്തിലാണ് ഇത് സംഭവിച്ചതെന്നും കാർത്തി ചിദംബരം പറഞ്ഞു.