തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്
പത്തനംതിട്ട: തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുകയാണെന്ന് ദമ്പതികൾ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പോലീസ് പറഞ്ഞു. തുകലശേരി സ്വദേശികളായ രാജു തോമ സ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു.
മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്.
മകന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, മദ്യപാന ശീലം, വീട് ജപ്‌തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടി.