ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി
കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. ഷബ്‌നയുടെ റിമാന്‍ഡിലുളള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെക്ഷന്‍ കോടതി തളളിയിരുന്നു. അതേസമയം, ഭര്‍തൃപിതാവിന്റെ പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.
ഹബീബിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്‌ന കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. ഷബ്‌നയുടെ ആത്മഹത്യയില്‍ ഹനീഫയെയും നബീസയെയുമാണ് പൊലീസ് ഇതുവരെ പിടികൂടിയിരിക്കുന്നത്. ഹബീബും സഹോദരിയും ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വച്ചാണ് നബീസയെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം, ഗാര്‍ഹിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തുവര്‍ഷം മുന്‍പായിരുന്നു ഷബ്‌നയുടെ വിവാഹം. ഭര്‍ത്തൃവീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ ഷബ്‌നയുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ യുവതി അവിടെത്തന്നെ തുടരുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസം മാറാന്‍ യുവതി തീരുമാനിച്ചു.ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്ന് ഷബ്‌ന ഭര്‍ത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.