പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി
കണ്ണൂര്‍: മുന്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്. കേസില്‍ അറസ്റ്റിലായ ദിവ്യ നിലവില്‍ റിമാന്‍ഡിലാണ്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ ഇന്നേക്ക് മാറ്റിവെച്ചത്.ഒരാഴ്ചയായി കണ്ണൂര്‍ വനിത ജയിലില്‍ കഴിയുന്ന ദിവ്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു.
കെ. നവീന്‍ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യ ചെയ്തത്. പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തും നവീന്‍ബാബുവും ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങള്‍ ഉണ്ടെന്നുമാണ് വാദത്തില്‍ അഭിഭാഷകന്‍ കെ. വിശ്വന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫും തമ്മില്‍ നടന്നത്.
എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.നവീന്‍ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്ന് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടുണ്ട്.
ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കലളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മൊഴിയില്‍ പറയുന്നു.കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തി. ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.