മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു
കൊച്ചി: കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തകർക്കിടയിലെ ദൂതൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനായി കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുന്നതായുളള വിവരം പിന്തുടർന്നായിരുന്നു അറസ്റ്റ്.
മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. സായുധ പൊലീസ് സംഘത്തിൻ്റെ സുരക്ഷയോടെയാണ് ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ പിടിയിലായത്. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. വയനാട്ടിൽ മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ മനോജ് അടക്കമുള്ള വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ക്കായി തീവ്രവാദ വിരുദ്ധ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.